കണ്ണൂർ : രക്തസാക്ഷി ഫണ്ട് പോലും വെട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളുടെ അഴിമതിക്കും ജനാധിപത്യ രീതിയിൽ പ്രതികരിക്കുന്നവർക്ക് എതിരെ ഉണ്ടാകുന്ന ഗുണ്ട ആക്രമണത്തിലും പ്രതിഷേധിച്ച് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ (ജനുവരി 30 ) പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സത്യഗ്രഹ സമരം നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന സത്യാഗ്രഹ സമരം കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.
പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നടത്തിയ വെട്ടിപ്പും റിയൽ എസ്റ്റേറ്റ് മാഫിയ പ്രവർത്തനങ്ങളും സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനാണ് തുറന്നു പറഞ്ഞത്. പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത സംഭാവനയ്ക്ക് പാർട്ടിക്കകത്തല്ലാതെ പുറത്താരോടും കണക്ക് പറയേണ്ട കാര്യമില്ല എന്ന ധാർഷ്ട്യത്തോടെയുള്ള പ്രതികരണമാണ് ഈ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നടത്തിയത് . പയ്യന്നൂർ എംഎൽഎയുടെ അഴിമതിക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് തന്നെ വലിയ പ്രതിഷേധം രൂപം കൊണ്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജനാധിപത്യ രീതിയിൽ സമാധാനപരമായി പയ്യന്നൂർ ടൗണിൽ പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കളെയാണ് എംഎൽഎയുടെ ഗുണ്ടാസംഘം പോലീസ് നോക്കി നിൽക്കെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് പോലും വിലക്കേർപ്പെടുത്തുന്ന സമീപനമാണ് ഭരിക്കുന്ന പാർട്ടി നേതൃത്വം സ്വീകരിക്കുന്നത്. സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ദൗത്യം ജനാധിപത്യ വിശ്വാസികൾക്കുണ്ട്. ആ ദൗത്യം ഏറ്റെടുത്തു കൊണ്ടാണ് സിപിഎം ആക്രമത്തിനും അഴിമതിക്കുമെതിരെ ജനമനസാക്ഷി ഉണർത്താൻ ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നതെന്ന് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
Congress Satyagraha protest on Mahatma Gandhi's martyrdom day in Payyannur against the CPM for showing hooliganism after sinking the martyrs' fund.





















